Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.

കടവ്‌ മലയാളം ക്ലാസിന്റെ ആറാം വാര്‍ഷികാഘോഷം വര്‍ണ്ണാഭമായി

കടവ്‌ മലയാളം ക്ലാസിന്റെ ആറാം വാര്‍ഷികാഘോഷം വര്‍ണ്ണാഭമായി കടവ്‌ മലയാളം ക്ലാസിന്റെ ആറാം (6th) വാർഷിക ദിനം ഉക്ലൈൻ ഹിൽസ്‌ എലിമെന്ററി സ്കൂളിൽ (Uwchlan Hills Elementary School) വച്ച്‌ ഏപ്രിൽ 26 ആം തീയ്യതി ശനിയാഴ്ച വളരെ വിപുലമായ രീതിയിൽ നടത്തി.

മാതൃഭാഷയുടെ സ്പന്ദനം കൊച്ചുകുട്ടികളിലെത്തിക്കാനായ്‌ കഴിഞ്ഞ ആറ് വർഷമായ്‌ കടവ്‌ നടത്തി വരുന്ന മലയാളഭാഷാ പഠനം കേരള സർക്കാരിന്റെ മലയാള മിഷൻ പദ്ധതിയിലൂടെയാണ് സാധ്യമാകുന്നത്‌. ദൈവത്തിന്റെ സ്വന്തം നാടായ കൊച്ചു കേരളത്തിന്റെ ഭാഷാപഠനം “കടവ്‌” എന്ന സൗഹൃദ കൂട്ടായ്‌മയിലൂടെ ആണ്‌ നടത്തി വരുന്നത്‌. മാതൃഭാഷയും സംസ്കാരവുമായുള്ള ബന്ധം നിലനിർത്താനും വരും തലമുറകളിലേക്ക്‌ അത്‌ പകർന്ന് കൊടുക്കാനുമുള്ള ഒരു കൂട്ടം മാതാപിതാക്കളുടെ ആഗ്രഹമാണ്‌ മലയാളം മിഷനോടൊപ്പം കൈകോർത്ത്‌ പോകുവാൻ കടവ്‌ കുടുംബാംഗങ്ങളെ പ്രേരിപ്പിച്ചത്‌.

2019 – ൽ തുടങ്ങിയ മലയാള പഠനം ആറ് വർഷത്തോളം വിജയകരമായി കൊണ്ടുപോകുവാൻ കടവ്‌ സംഘാടകർക്ക്‌ കഴിഞ്ഞു. ഏപ്രിൽ 26 ആം തീയ്യതി വൈകുന്നേരം മൂന്ന് മണിക്ക്‌ അതിവിപുലമായ കലാപരിപാടികളോടെ ആയിരുന്നു കടവ്‌ മലയാളം ക്ലാസ്‌ വാർഷിക ആഘോഷം നടത്തിയത്‌. മലയാളം ക്ലാസിലെ കുട്ടികൾ പാടിയ പ്രാർത്ഥനാ ഗാനത്തോടെ പരിപാടികൾക്ക്‌ തുടക്കം കുറിച്ചു. കടവ്‌ പ്രസിഡന്റ്‌ അപർണ്ണ മേനോൻ സ്വാഗത പ്രസംഗം നടത്തി. ഓരോ വ്യക്തിയുടേയും ജീവിതത്തിൽ തന്റെ മാതൃഭാഷ എത്രമാത്രം ഇഴുകിച്ചേർന്നിരിക്കുന്നു എന്നതിന്റെ ഒരു നേർക്കാഴ്ച ആയിരുന്നു അപർണ്ണയുടെ വാക്കുകളിലുടനീളം ഉണ്ടായിരുന്നത്‌.

അമേരിക്കയിലെ മലയാളി വായനക്കാർക്ക്‌ ഏറെ പ്രിയങ്കരിയായ പ്രശസ്ത എഴുത്തുകാരി നീന പനയ്ക്കൽ മുഖ്യ അഥിതിയായ്‌ വന്ന് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. അമേരിക്കൻ സാഹിത്യ കൂട്ടായ്മയിലെ നിറസാന്നിദ്ധ്യമാണ് നീന പനയ്ക്കൽ. നിരവധി പുരസ്കാരങ്ങൽക്ക്‌ അർഹയായ നീന പനയ്ക്കലിന്റെ പ്രചോദനകരമായ വാക്കുകൾ മലയാളം ക്ലാസ്‌ സംഘാടകർക്ക്‌ ഒരു ഊർജ്ജം പകരുന്ന തരത്തിലായിരുന്നു.

മുഖ്യാഥിതിയോടൊപ്പം മലയാളം ക്ലാസ്‌ കമ്മിറ്റി പ്രവർത്തകരും അധ്യാപകരും ചേർന്ന് വിളക്ക്‌ തെളിയ്ച്ചു. മലയാളം മിഷന്റെ കണിക്കൊന്ന പാഠ്യപദ്ധതി പൂർത്തിയായ വിദ്യാർത്ഥികൾക്ക്‌ കണിക്കൊന്ന അധ്യാപിക അമൃത സെന്തിൽ കുമാർ മലയാളം മിഷന്റെ സർട്ടിഫിക്കറ്റ്‌ വിതരണം ചെയ്തു. മലയാളം ക്ലാസിന്റെ കുട്ടികൾ ഒരുക്കിയ കലാവിരുന്ന് കണ്ണിനും മനസ്സിനും വളരെയധികം ഇമ്പമുള്ളതായിരുന്നു. കവിതാപാരായണം , കടങ്കഥ പറയൽ, പാട്ടുകൾ, വാദ്യോപകരണ വായന, കുട്ടികളുടെ നാടകം എന്നിവയുൾപ്പെടെ മുതിർന്ന വ്യക്തികളായ വിദ്യാർത്ഥികളുടെ അക്ഷരശ്ലോകവും അരങ്ങേറി.മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ “പൂതപ്പാട്ട്‌” എന്ന കവിതയുടെ ദൃശ്യാവിഷ്കാരം കാണികളുടെ ഹൃദയം കവർന്നു. മലയാളം ക്ലാസിലെ അധ്യാപകർ ചേർന്ന് പാടിയ നാടൻപാട്ട്‌ നമ്മുടെ നാടിന്റെ ഗൃഹാതുരത്വം വിളിച്ചോതി.

ഓരൊ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അവരുടെ കലാപരമായ കഴിവ്‌ പ്രകടിപ്പിക്കാനുള്ള ഒരു വേദി കൂടിയാണ്‌ കടവ്‌ മലയാളം ക്ലാസ്‌. ഏതൊരു പദ്ധതിയുടേയും വിജയം അതിനായ്‌ പ്രത്യേകം രൂപം കൊണ്ട സമിതിയുടെ പ്രവർത്തനമാണ്‌. കടവിന്റെ മലയാളം ക്ലാസ്‌ പ്രവർത്തന രീതിയിലും അത്‌ ദർശിക്കാവുന്നതാണ്‌. കൃത്യവും വ്യക്തവുമായ രീതിയിൽ ഉള്ള ആസൂത്രണം ആണ്‌ ഈ പദ്ധതിയുടെ പ്രയാണത്തിന്‌ ഊർജ്ജമായി നിൽക്കുന്നത്‌.

മെറിൻ പോൾ നയിക്കുന്ന ഈ സമിതിയിൽ തോമസ്‌ ആലുക്കൽ, അനീഷ്‌ മാത്യു, അമൃത സെന്തിൽ കുമാർ, സീമ രാജേഷ്‌, മോനിഷ മധു‌ എന്നീ അംഗങ്ങളാണുള്ളത്‌. മലയാളം മിഷനുമായ്‌ കൂടിച്ചേർന്ന് ആഴ്ചയിൽ ഒരു ദിവസമാണ്‌ ക്ലാസ്‌ ഉള്ളത്‌. എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം ആറ് മുതൽ എട്ട്‌ മണിവരെയാണ് ക്ലാസിന്റെ സമയം. Downingtown East High School-കേന്ദ്രീകരിച്ചാണ്‌ മലയാളം ക്ലാസ്‌ നടത്തിപ്പോരുന്നത്‌. തെച്ചി, മന്ദാരം, കണിക്കൊന്ന, സൂര്യകാന്തി എന്നീ പേരുകളോട്‌ കൂടിയ കുട്ടികളുടെ ക്ലാസും, മുല്ലപ്പൂ എന്ന പേരിൽ അറിയപ്പെടുന്ന മുതിർന്നവരുടെ ക്ലാസും ആണ്‌ ഉള്ളത്‌. മലയാളം ക്ലാസിലെ കുട്ടികളുടെ മാതാപിതാക്കൾ തന്നെ അധ്യാപകരായും സേവനമനുഷ്ടിക്കുന്നുണ്ട്‌. രക്ഷകർത്താക്കളുടേയും അധ്യാപകരുടേയും കഠിനാധ്വാനം ഒന്നു കൊണ്ട്‌ മാത്രമാണ്‌ കടവ്‌ മലയാളം ക്ലാസ്‌ ബഹുദൂരം മുന്നോട്ട്‌ പോകുന്നത്‌.

അക്ഷരങ്ങൾ എഴുതുന്നതിനും വായിപ്പിക്കുന്നതിനും പുറമേ ചെറു കവിതകളും കഥകളും അധ്യാപകർ പറഞ്ഞും പാടിയും കുട്ടികളെ ഏറ്റു പാടിപ്പിച്ചുമാണ്‌ ഭാഷാ പഠനം മുന്നേറുന്നത്‌. നമ്മുടെ കൊച്ചുകേരളത്തിന്റെ തനതായ ചെറിയ പാട്ടുകളും കളികളും അധ്യാപകരും കുട്ടികളും ചേന്ന് താളത്തിനൊത്ത്‌ കളിക്കുകയും പാടുകയും ചെയ്യുമ്പോൾ കടവ്‌ മലയാളം ക്ലാസ്‌ കൂടുതൽ ഇമ്പമുള്ളതായിത്തീരുന്നു. നമ്മുടെ നാടിന്റേയും അമേരിക്കയുടേയും ഓരോ ആഘോഷങ്ങളും കൊണ്ടാടാൻ മലയാളം ക്ലാസ്‌ സംഘാടകർ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഭാഷ പഠിക്കാൻ അത്യന്തം താത്പര്യമുള്ള കുട്ടികളും സേവന സന്നദ്ധരായ മാതാപിതാക്കളും പഠിപ്പിക്കുവാൻ അർപ്പണ മനോഭാവവുമുള്ള അധ്യാപകരും ആണ്‌ കടവ്‌ മലയാളം ക്ലാസിന്റെ വിജയം. നമ്മുടെ മലയാള ഭാഷ ഒരു ഐക്യത്തിന്റെ ഭാഷ കൂടിയാണ്. മാതൃഭാഷയുടെ മഹത്വം വരും തലമുറകളിലേക്ക്‌ പകർന്നു നല്കുക എന്ന ഒരു മഹത്തായ കാര്യമാണ്‌ കടവ്‌ മലയാള മിഷൻ ചെയ്തു കൊണ്ടിരിക്കുന്നത്‌.

വാര്‍ത്ത: ദിവ്യ പടിക്കല്‍